- Last Modified: Friday 31 January 2025, 04:10:15.
ആനുകൂല്യം
പെന്‍ഷൻ പദ്ധതി
അറുപത് വയസ്സ് പൂര്‍ത്തിയായതും, അഞ്ചുവര്‍ഷത്തില്‍ കുറയാത്ത കാലയളവില്‍ തുടര്‍ച്ചയായി അംശദായം അടച്ചിട്ടുള്ളതുമായ ഓരോ പ്രവാസി കേരളീയനായ (വിദേശം)-(1എ) അംഗത്തിനു 3500 രൂപയും ഓരോ മുന്‍ പ്രവാസി കേരളീയനായ (വിദേശം)-(1ബി) അംഗത്തിനും, പ്രവാസി കേരളീയന്‍ (ഭാരതം)-2എ അംഗത്തിനും പ്രതിമാസം 3000 രൂപയും മിനിമം പെന്‍ഷന്‍ അനുവദിച്ചു വരുന്നു. അഞ്ചുവര്‍ഷത്തില്‍ കൂടുതല്‍ കാലം തുടര്‍ച്ചയായി അംശദായം അടച്ചിട്ടുളള അംഗങ്ങള്‍ക്ക്, അവര്‍ പൂര്‍ത്തിയാക്കിയ ഓരോ അംഗത്വ വര്‍ഷത്തിനും ടി നിശ്ചയിച്ചിട്ടുളള മിനിമം പെന്‍ഷന്‍ തുകയുടെ മൂന്ന് ശതമാനത്തിന് തുല്യമായ തുക കൂടി അധിക പെന്‍ഷനായി നല്കുന്നുണ്ട്.
എന്നാൽ മൊത്തം പെൻഷൻ തുക, നിശ്ചയിച്ചിട്ടുള്ള മിനിമം പെൻഷൻ തുകയുടെ ഇരട്ടിയിൽ കൂടുന്നതല്ല.
കുടുംബ പെന്‍ഷൻ പദ്ധതി
പെന്‍ഷന് അര്‍ഹത നേടിയതിന് ശേഷം ഒരംഗം മരണമടയുന്ന പക്ഷം ടിയാളുടെ നിയമാനുസൃത നോമിനിയിക്കും, അഞ്ചുവർഷത്തിൽ കുറയാത്ത കാലയളവിൽ അംശദായം അടച്ചിട്ടുള്ളതും അംഗത്വം റദ്ദ് ആകാതെ മരണസമയത്ത് നിലനിന്നുവന്നിട്ടുള്ളതുമായ അംഗത്തിന്‍റെ നിയമാനുസൃത നോമിനിയ്ക്കും, പെൻഷന് അർഹതനേടിയതിനുശേഷം പെൻഷന് അപേക്ഷിക്കാത്തവർ മരണപ്പെട്ടാൻ നിയമാനുസൃത നോമിനിയ്ക്കും പ്രതിമാസ കുടുംബ പെന്‍ഷന് അര്‍ഹത ഉണ്ടായിരിക്കുന്നതാണ്. കുടുംബ പെന്‍ഷന്‍ തുക ഓരോ വിഭാഗത്തിനും അര്‍ഹതപ്പെട്ട പ്രതിമാസ പ്രായാധിക്യ പെന്‍ഷന്‍ തുകയുടെ അന്‍പതു ശതമാനം ആയിരിക്കും.
അവശതാ പെന്‍ഷന്‍
തന്‍റെ നിത്യവൃത്തിക്കായി ഏതെങ്കിലും തൊഴില്‍ ചെയ്യുന്നതിന് സ്ഥായിയായ ശാരീരിക അവശത മൂലം കഷ്ടത അനുഭവിക്കുന്നതും ക്ഷേമനിധിയില്‍ മൂന്നുവര്‍ഷത്തില്‍ കുറയാത്ത കാലയളവില്‍ തുടര്‍ച്ചയായി അംശദായമടച്ചിട്ടുള്ളതു മായ ഒരംഗത്തിന് അര്‍ഹതപ്പെട്ട പെന്‍ഷന്‍ തുകയുടെ നാല്പതു ശതമാനത്തിനു തുല്യമായ തുക പ്രതിമാസ അവശതാ പെന്‍ഷന്‍ ലഭിക്കാനര്‍ഹത ഉണ്ടായിരിക്കുന്നതാണ്.
ചികിത്സാ സഹായം
ഗുരുതരമായ രോഗം ബാധിച്ച അംഗങ്ങളുടെ ചികിത്സ ക്കായി ഒരംഗത്തിന് മുഴുവന്‍ അംഗത്വകാലയളവില്‍ അമ്പതിനായിരം രൂപയെന്ന പരമാവധി പരിധിക്ക് വിധേയമായി ചികിത്സ സഹായം നൽകുന്നതാണ്.ഇതിനായി ഓൺലൈൻ അപേക്ഷ സമർപ്പിക്കുമ്പോൾ ഡിസ്ചാർജ് സമ്മറി/ ട്രീറ്റ്മെന്റ് സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്ത്, ഒറിജിനൽ ബില്ലുകളുടെ വിശദ വിവരങ്ങൾ രേഖപ്പെടുത്തുമ്പോൾ ലഭിക്കുന്ന എസ്സെൻഷ്യാലിറ്റി സർട്ടിഫിക്കറ്റിന്റെ പ്രിന്റ് ഔട്ടിൽ ബന്ധപ്പെട്ട ഡോക്ടർ സാക്ഷ്യപ്പെടുത്തി ആശുപത്രി സീലും പതിച്ച്, എല്ലാ ഒറിജിനൽ ബില്ലുകളിലും ബന്ധപ്പെട്ട ഡോക്ടർ സാക്ഷ്യപ്പെടുത്തി ഹെഡ് ഓഫീസിലേക്ക് അയക്കേണ്ടതാണ്.
വിവാഹ ധനസഹായം
കുറഞ്ഞത് മൂന്ന് വര്‍ഷമെങ്കിലും തുടര്‍ച്ചയായി അംശാദായം അടച്ചുവരുന്നതോ, വിവാഹത്തിനു മുന്നെ മൂന്ന് വര്‍ഷത്തെ അംശദായം മുന്‍കൂറായി അടച്ചതോ ആയ അംഗങ്ങളുടെ പ്രായപൂര്‍ത്തിയായ പെണ്‍മക്കളുടേയും സ്ത്രീ അംഗങ്ങളുടേയും വിവാഹച്ചിലവിനായി പതിനായിരം രൂപ ഒരംഗത്തിന് നിധിയില്‍ നിന്നും ലഭിക്കുന്നതാണ്. എന്നാല്‍ രണ്ടില്‍ കൂടുതല്‍ തവണ ഈ ആനുകൂല്യത്തിന് അര്‍ഹതയുണ്ടായിരിക്കുന്നതല്ല. പെൻഷനായവർക്ക് ആനുകൂല്യത്തിന് അർഹതയില്ല.
വിദ്യാഭ്യാസ ആനുകൂല്യം
രണ്ടുവര്‍ഷമെങ്കിലും നിധിയില്‍ തുടര്‍ച്ചയായി അംശാദായം അടച്ചിട്ടുള്ള അംഗങ്ങളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ ഗ്രാന്‍റിന് അര്‍ഹതയുണ്ടായിരിക്കുന്നതാണ്. ബോര്‍ഡ് നിശ്ചയിച്ച മാനദണ്ഡ പ്രകാരം ഗ്രാന്‍റിന് അപേക്ഷ സമര്‍പ്പിച്ചവര്‍ക്ക് കോഴ്സിനെ അടിസ്ഥാനപ്പെടുത്തി പരമാവധി നാലായിരം രൂപവരെ ഗ്രാന്‍റ് അനുവദിക്കുന്നുണ്ട്.
പ്രസവാനുകൂല്യം
- തുടര്‍ച്ചയായി ഒരുവര്‍ഷക്കാലം അംശദായം അടച്ചിട്ടുള്ള കല്പിതാംഗങ്ങള്‍ ഒഴികെ യുള്ള ഒരു വനിതാ അംഗത്തിന് പ്രസവത്തിന്മൂ വായിരം രൂപ ധനസഹായത്തിന് അര്‍ഹതയുണ്ടായിരിക്കുന്നതാണ്. എന്നാല്‍ ഒരംഗത്തിന് രണ്ടില്‍ കൂടുതല്‍ തവണ ഈ ആനുകൂല്യത്തിന് അര്‍ഹതയുണ്ടായിരിക്കുന്നതല്ല.
- ഗര്‍ഭം അലസല്‍ സംഭവിച്ച കല്പിതാംഗങ്ങള്‍ ഒഴികെയുള്ള വനിതാ അംഗത്തിന് രണ്ടായിരം രൂപ ധനസഹായത്തിന് അര്‍ഹതയുണ്ടായിരിക്കുന്നതാണ്. എന്നാല്‍, രണ്ടു തവണ പ്രസവാനുകൂല്യമോ ഗര്‍ഭം അലസലിനുള്ള ആനുകൂല്യമോ
രണ്ടും കൂടിയോ ലഭിച്ച അംഗത്തിന് തുടര്‍ന്ന് ഈ ആനുകൂല്യത്തിന് അര്‍ഹതയുണ്ടായിരിക്കുന്നതല്ല. പെൻഷനായവർക്ക് ആനുകൂല്യത്തിന് അർഹതയില്ല
മരണമടയുന്ന അംഗങ്ങളുടെ ആശ്രിതര്‍ക്ക് ധനസഹായം
ഈ പദ്ധതിയില്‍ അംഗമായിരിക്കെ അസുഖം മൂലമോ അപകടം മൂലമോ, മരണ മടയുന്ന പ്രവാസി കേരളീയരായ (വിദേശം) (1 എ) അംഗത്തിന്‍റെ ആശ്രിതര്‍ക്ക് അന്‍പതിനായിരം രൂപയും വിദേശത്തു നിന്നും തിരിച്ചുവന്ന പ്രവാസി കേരളീയനായ (വിദേശം) (1 ബി) അംഗത്തിന്‍റെ ആശ്രിതര്‍ക്ക് മുപ്പതിനായിരം രൂപയും, പ്രവാസി കേരളീയനായ (ഭാരതം) (2എ) അംഗത്തിന്‍റെ ആശ്രിതര്‍ക്ക് ഇരുപത്തയ്യായിരം രൂപയും, കല്പിത അംഗങ്ങളുടെ ആശ്രിതര്‍ക്ക് ഇരുപതിനായിരം രൂപയും മരണാനന്തര ധനസഹായത്തിന് അര്‍ഹതയുണ്ടായിരിക്കുന്നതാണ്. പെൻഷനായവർക്ക് ആനുകൂല്യത്തിന് അർഹതയില്ല
ഭവന വായ്പ സബ്‌സിഡി പദ്ധതി
2008 ലെ കേരള പ്രവാസി കേരളീയരുടെ ക്ഷേമ ആക്ടിലെ വ്യവസ്ഥകൾ പ്രകാരം കേരള പ്രവാസി കേരളീയ ക്ഷേമ ബോര്‍ഡിന്റെ പ്രവര്‍ത്തനം 12/03/2009-ല്‍ സമാരംഭിച്ചു. പ്രവാസികളുടെ സമഗ്രമായ ക്ഷേമവും ഉന്നമനവും ലക്ഷ്യമാക്കി പ്രവര്‍ത്തിച്ചു വരുന്ന കേരള പ്രവാസി കേരളീയ ക്ഷേമ ബോര്‍ഡ് ഇതിലെ അംഗങ്ങളായ പ്രവാസികള്‍ക്ക് പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും 2009 ലെ പ്രവാസി കേരളീയരുടെ ക്ഷേമ പദ്ധതി പ്രകാരം അനുവദിച്ചു വരുന്നു.
കേരള സര്‍ക്കാർ പ്രവാസികള്‍ക്കായി ആവിഷ്കരിച്ചിട്ടുളള വിവിധ ക്ഷേമ പദ്ധതികൾ ഉള്‍ക്കൊളളുന്ന പ്രവാസി കേരളീയരുടെ ക്ഷേമ പദ്ധതി അര്‍ഹരായ എല്ലാ വിഭാഗം ജനങ്ങളിലേക്കും എത്തിക്കുന്നതിനായി ബോര്‍ഡ് പരിശ്രമിച്ചു വരുന്നു. പ്രവാസി ക്ഷേമ നിധി അംഗങ്ങള്‍ ബാങ്കുകള്‍/ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് എടുക്കുന്ന 20 ലക്ഷം രൂപ വരെയുളള ഭവന വായ്പകള്‍ക്ക് 5% സര്‍ക്കാർ വായ്പാ സബ്സിഡി ലഭ്യമാക്കുന്ന പദ്ധതിയാണിത്. പദ്ധതി പ്രകാരം അര്‍ഹരായ അംഗങ്ങള്‍ക്ക് ഭവന വായ്പ സബ്സിഡി ലഭ്യമാക്കിയിട്ടുണ്ട്. താഴെ പറയും പ്രകാരം മാനദണ്ഢങ്ങള്‍ പ്രകാരമാണ് ഭവന വായ്പ സബ്സിഡി അനുവദിക്കുന്നത്.